Career

 


കോമേഴ്സ്, മാനേജ്മെൻ്റ് കോഴ്സുകളെ അറിയാം 

kkmuneervanimal






ഡോക്ടർമാർ, എൻജിനീയർമാർ, അഡ്വക്കേറ്റ്സ്, ആർക്കിടെക്റ്റ്, ഡിസൈനർ പോലുള്ള നിരവധി മേഖലകളിൽ പഠനം പൂർത്തിയാക്കിയവർക്കൊക്കെ സാധാരണ അവരുടെ മേഖലയിൽ മാത്രമാണ് ജോലിയെടുക്കാൻ സാധിക്കുക. എന്നാൽ ബിസിനസ്, കൊമേഴ്സ് ബിരുദ-ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് ഹോസ്പിറ്റലുകൾ, നിർമ്മാണ കമ്പനികൾ, ലോ കൺസൾട്ടൻസി സ്ഥാപനങ്ങൾ, വൻകിട ബിസിനസ് മാനേജ്മെൻ്റ് സ്ഥാപനങ്ങൾ തുടങ്ങി മിക്കവാറും എല്ലാ തരത്തിലുള്ള സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളിലും ജോലി സാധ്യതകൾ ഉണ്ട്. 

 കൂടാതെ സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും തെരഞ്ഞെടുക്കാവുന്ന കോഴ്സുകളാണ് മാനേജ്മെന്റ്, കൊമേഴ്സ് രംഗത്തെ ബിരുദ-ബിരുദാനന്തര കോഴ്സുകൾ. 

മാനേജ്മെന്റ് പഠനത്തോടൊപ്പം കുറച്ചു വർഷങ്ങളുടെ പ്രവർത്തി പരിചയവും കൈമുതലായുള്ള നിരവധി യുവാക്കൾ തുടങ്ങിയ പല സംരംഭങ്ങളും (സ്റ്റാർട്ടപ്പുകൾ അടക്കം) ഇന്ന് ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും അറിയപ്പെടുന്ന വലിയ സ്ഥാപനങ്ങൾ ആയി മാറിയിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്

ഇന്ന് ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന മിക്കവാറും എല്ലാ വലിയ സ്ഥാപനങ്ങളുടെയും ഉയർന്ന പദവികളിൽ ഇരിക്കുന്നത് പല മേഖലകളിൽ ബിരുദ പഠനത്തിനുശേഷം ഇന്ത്യയിൽ നിന്നോ വിദേശത്തുനിന്നോ പ്രശസ്തമായ ബിസിനസ് സ്കൂളുകളിൽ നിന്നും മാനേജ്മെന്റ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം ഡോക്ടറേറ്റ് ബിരുദം പൂർത്തിയാക്കിയവരാണ്. 
വളരെ അധികം തൊഴിലവസരങ്ങൾ ഉള്ള കൊമേഴ്സ് മാനേജ്മെന്റ് രംഗത്തെ ചില കോഴ്സുകളെ ഇനി പരിചയപ്പെടുത്താം. 

ബാച്ചിലർ ഓഫ് കൊമേഴ്സ്. - ബി.കോം 

ഫൈനാൻഷ്യൽ അക്കൗണ്ടിംഗ്, എക്സ്പോർട്ട് ഇമ്പോർട്ട് ലോ, കമ്പനി ലോ, ഇൻകം ടാക്സ് ലോ, ഡയറക്റ്റ് ആൻഡ് ഇൻഡയറക്ട് ടാക്സ് ലോ, ഇക്കണോമിക്സ്, കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിംഗ്, സ്റ്റാറ്റിസ്റ്റിക്സ്, മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ്, മാർക്കറ്റിംഗ്, ഫൈനാൻഷ്യൽ മാനേജ്മെന്റ്, എൻട്രപ്രണർഷിപ്പ് പോലുള്ള നിരവധി വിഷയങ്ങളിൽ ഉള്ള പഠനം ഉൾക്കൊള്ളുന്ന മൂന്നുവർഷത്തെ ബിരുദ കോഴ്സ് ആണ് ബികോം. 

മുകളിൽ പറഞ്ഞ ഈ വിഷയങ്ങളെല്ലാം ഉൾക്കൊള്ളുന്ന ബികോം ജനറൽ കോഴ്സ് കൂടാതെ വിവിധ സ്പെഷലൈസേഷൻ കോഴ്സുകൾ കൂടി ബികോമിൽ ഉണ്ട്. കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബാങ്കിംഗ് ആൻഡ് ഇൻഷുറൻസ്, ടാക്സേഷൻ, കോ ഓപ്പറേഷൻ, ഐടി, മാർക്കറ്റിംഗ്, ഫോറിൻ ട്രേഡ്, ഇ കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, ടൂറിസം, ഇന്റർനാഷണൽ ബിസിനസ് എന്നിവയെല്ലാം ബി.കോം കോഴ്സുകളിൽ തെരഞ്ഞെടുക്കാവുന്ന സ്പെഷ്യലൈസേഷനുകൾ ആണ്. 
ബി.കോം കഴിഞ്ഞതിനു ശേഷം എം കോം, എംബിഎ പോലുള്ള ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പോകാവുന്നതാണ്. അതോടൊപ്പം ഇന്ത്യയിലെ സി.എ, സി.എംഎ, സി.എസ്, സിഎഫ്എ പോലുള്ള പ്രൊഫഷണൽ കോഴ്സുകൾക്കും വിദേശത്തെ എ.സി.സി.എ, യുഎസ് സി.എം.എ, സി.ഐ.എം.എ പോലുള്ള കോഴ്സുകൾക്കും ലാറ്ററൽ എൻട്രികൾ ലഭിക്കുന്നതാണ്. 

കോമേഴ്സ് മേഖലയിൽ ബിരുദ-ബിരുദാനന്തര കോഴ്സുകൾ, മറ്റു പ്രൊഫഷണൽ കോഴ്സുകൾ എന്നിവ പൂർത്തിയാക്കിയവർക്ക് ബാങ്കുകൾ ബിസിനസ് കൺസൾട്ടൻസികൾ, സ്കൂൾ കോളേജ് അധ്യാപകർ, ഫോറിൻ ട്രേഡ് സെന്ററുകൾ, വ്യാവസായിക സ്ഥാപനങ്ങൾ, ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ്, മാർക്കറ്റിംഗ് കമ്പനികൾ, അക്കൗണ്ടിംഗ് സ്ഥാപനങ്ങൾ, പോളിസി പ്ലാനിങ് സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിൽ അനവധി തൊഴിലവസരങ്ങൾ ലഭ്യമാണ്. അതോടൊപ്പം സ്വന്തമായി ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനും സ്പെഷ്യലൈസ്ഡ് കൺസൾട്ടൻസികൾ ആരംഭിക്കുവാനും സാധിക്കുന്നതാണ്. 

ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ - ബി.ബി.എ

മേലെ കൊടുത്തിട്ടുള്ള ബികോം കോഴ്സ് നോട്ടിൽ പരാമർശിച്ചിട്ടുള്ള ചില വിഷയങ്ങളെ ഒഴിവാക്കി ബിസിനസ് മാനേജ്മെന്റ് വിഷയങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയിട്ടുള്ള മൂന്നുവർഷത്തെ ബിരുദ കോഴ്സ് ആണ് ബി ബി എ. 

മാനേജ്മെന്റ് പ്രോസസ് ആൻഡ് ഓർഗനൈസേഷണൽ ബിഹേവിയർ, ബിസിനസ് കമ്മ്യൂണിക്കേഷൻ, ബിസിനസ് ഇക്കണോമിക്സ്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ബിസിനസ് മാത്തമാറ്റിക്സ്, ബിസിനസ് എൻവിയോൺമെന്റ്, കമ്പ്യൂട്ടർ ഫണ്ടമെന്റൽസ് ആൻഡ് അപ്ലിക്കേഷൻസ്, ബിസിനസ് ലോ, മാർക്കറ്റിംഗ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, പ്രൊഡക്ഷൻ ആൻഡ് മെറ്റീരിയൽ മാനേജ്മെന്റ്, ഫൈനാൻഷ്യൽ മാനേജ്മെന്റ്, ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ്, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം, സ്ട്രാറ്റജിക് മാനേജ്മെന്റ്, എൻട്രപ്രണർ ഷിപ്പ് ആൻഡ് സ്മാൾ ബിസിനസ് മാനേജ്മെന്റ് തുടങ്ങി ചെറുതും വലുതുമായ ബിസിനസുകളുടെ എല്ലാ മേഖലകളെക്കുറിച്ചും വിശദമായി പഠിക്കുന്ന കോഴ്സ് ആണ് ബി.ബി.എ.

ബികോം കോഴ്സിൽ പറഞ്ഞതു പോലെതന്നെ വിവിധ സ്പെഷലൈസേഷനുകൾ ബി.ബി.എ കോഴ്സുകളിലും ലഭ്യമാണ്.

ബി.ബി.എ കോഴ്സ് കഴിഞ്ഞവർക്ക് മിക്കവാറും എല്ലാ തരത്തിലുമുള്ള സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളിലും തൊഴിലവസരങ്ങൾ ഉണ്ട്. ബിസിനസ് അനലിസ്റ്റ്, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, കസ്റ്റമർ റിലേഷന്ഷിപ് ഓഫീസർ, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്, ബിസിനസ് ഡാറ്റ അനലിസ്റ്റ്, ഇൻവെസ്റ്റ്മെന്റ് ആൻഡ് കൊമേഴ്സ്യൽ ബാങ്ക്സ്, സ്കൂൾ-കോളജ് അധ്യാപകർ, എന്നീ മേഖലകളിലെല്ലാം തന്നെ നിരവധി തൊഴിലവസരങ്ങൾ ഉണ്ട്. അതോടൊപ്പം യു.പി.എസ്.സി പരീക്ഷ എഴുതിയതിനു ശേഷം ഇന്ത്യൻ സിവിൽ സർവീസ്, കേരള പി.എസ്.സി വഴി ലഭിക്കാവുന്ന നിരവധി അവസരങ്ങൾ എന്നിവ കൂടി ഇവരുടെ തൊഴിലവസരങ്ങളിൽ ഉൾപ്പെടുന്നു.

മാസ്റ്റേഴ്സ് ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ - എം ബി എ

ബിബിഎ/ബിഎസ്സി/ബിഎ/ബികോം/ബിടെക് തുടങ്ങിയ ഏത് കോഴ്സിനു ശേഷവും ചെയ്യാവുന്ന ഒരു പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് ആണ് ബിസിനസ് മാനേജ്മെന്റ് രംഗത്ത് ഏറ്റവും പ്രശസ്തമായതും മൂല്യം ഉള്ളതുമായ മാസ്റ്റേഴ്സ് ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ അഥവാ എംബിഎ. 
ഇന്ന് ലോകത്ത് പല കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും മേധാവികൾ ബിരുദ പഠനത്തിനുശേഷം ഇന്ത്യയിലെയും വിദേശത്തെയും പ്രശസ്തിയാർജ്ജിച്ച വിവിധ സ്ഥാപനങ്ങളിൽ നിന്നു എംബിഎ കരസ്ഥമാക്കിയവരാണ്. ഇന്ത്യയിൽ മാനേജ്മെന്റ് രംഗത്ത് ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളാണ് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്. നിലവിൽ ഇന്ത്യയിൽ 20 ഐ,ഐ,എം കൾ ഉണ്ട്. 

ഇന്ത്യ ഗവൺമെന്റിന്റെ മിനിസ്ട്രി ഫോർ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് (എം എച്ച് ആർ ഡി) നു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ്) നടത്തിയ 2020ലെ റാങ്കിംഗ് പ്രകാരം ആദ്യ പത്തു സ്ഥാനങ്ങളിൽ വരുന്ന ഐഐഎം കൾ ക്രമപ്രകാരം താഴെക്കൊടുക്കുന്നു. തുടങ്ങിയവർഷം ബ്രാക്കറ്റിൽ.

1. ഐഐഎം കൽക്കട്ട (1961), 
2. ഐ ഐ എം അഹമ്മദാബാദ് (1961),
 3. ഐഐഎം ബാംഗ്ലൂർ (1973),
 4. ഐഐഎം ലക്നൗ (1984), 
5. ഐഐഎം ഇൻഡോർ (1996), 
6. ഐഐഎം കോഴിക്കോട് (1996), 
7. ഐഐഎം ഉദയ്പൂർ (2011) 
8. ഐഐഎം ട്രിച്ചി (2011), 
9.ഐഐഎം റായ്പൂർ (2010), 
10. ഐഐഎം റോത്തക്ക്‌ (2010).

 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കളിൽ പ്രധാനമായും എം ബി എ കോഴ്സുകളും ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റ് എന്നറിയപ്പെടുന്ന ഡോക്ടറേറ്റ് ലെവൽ പ്രോഗ്രാമുകളും ആണ് നടത്തപ്പെടുന്നത്. സാധാരണ എം ബി എ പ്രോഗ്രാമുകളുടെ ദൈർഘ്യം രണ്ടുവർഷമാണ്. റെഗുലർ പ്രോഗ്രാമുകൾ കൂടാതെ ചില ഐ ഐ എം കൾ, മൂന്നോ അതിൽ കൂടുതലോ വർഷം തൊഴിൽ പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്കു വേണ്ടി ഈവനിംഗ്, വീക്കെൻഡ്, ഓൺലൈൻ, എംബിഎ പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ റോത്തക്, ഇൻഡോർ, ബോധ്ഗയ, റാഞ്ചി, ജമ്മു ഇവിടങ്ങളിൽ +2 കഴിഞ്ഞവർക്ക് ചേരാവുന്ന പഞ്ചവൽസര ഐപിഎം കോഴ്സുകളുമുണ്ട്.

ഐഐഎം കളിൽ റഗുലർ എം ബി എ പ്രോഗ്രാമുകളിലേക്ക് ഉള്ള അഡ്മിഷൻ നടക്കുന്നത്, ബിരുദ പഠനത്തിനുശേഷം പങ്കെടുക്കാവുന്ന, അഖിലേന്ത്യാ തലത്തിൽ നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) ന് ലഭിക്കുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണ്. ഒപ്പം ഇൻ്റർവ്യൂ കടമ്പയുമുണ്ട്.
 ഉയർന്ന നിലവാരം പുലർത്തുന്ന ഇത്തരം എംബിഎ പ്രോഗ്രാമുകളിൽ നിരവധി ജനറൽ മാനേജ്മെന്റ് വിഷയങ്ങളിൽ ആഴത്തിലുള്ള പഠനത്തോടൊപ്പം ഇക്കണോമിക്സ്, ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സിസ്റ്റംസ്, മാർക്കറ്റിംഗ് മാനേജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ റിസോഴ്സസ്, ഓപ്പറേഷൻസ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ് പോലുള്ള ഏരിയകളിൽ സ്പെഷലൈസേഷനും അവസരങ്ങളുണ്ട്. 

ഐ.ഐ.എം- കോഴിക്കോടിന്റെ 2020ലെ പ്ലേസ്മെന്റ് റിപ്പോർട്ട് പ്രകാരം 413 പേരടങ്ങുന്ന ബാച്ചിലെ മുഴുവൻ വിദ്യാർഥികൾക്കും ക്യാമ്പസ് പ്ലേസ്മെന്റ് വഴി വിവിധ കമ്പനികളിൽ ജോലി ലഭിച്ചിട്ടുണ്ട്. 
റിപ്പോർട്ട് പ്രകാരം കൺസൾട്ടിംഗ്, ഫൈനാൻസ്, ജനറൽ മാനേജ്മെന്റ്, ഐടി ആൻഡ് അനലിറ്റിക്സ്, ഓപ്പറേഷൻസ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എന്നീ മേഖലകളിലേക്ക് 131 കമ്പനികൾ പങ്കെടുത്ത ക്യാമ്പസ് റിക്രൂട്ട്മെന്റിൽ ഏറ്റവും കുറഞ്ഞ സാലറി ഓഫർ വർഷത്തിൽ 20.8 ലക്ഷവും ഉയർന്ന സാലറി ഓഫർ വർഷത്തിൽ 58 ലക്ഷവുമാണ്. ഇന്ത്യയിലെയും വിദേശത്തെയും വളരെ പ്രശസ്തമായ കമ്പനികളാണ് ഈ റിക്രൂട്ട്മെൻ്റുകളിൽ പങ്കെടുത്തിട്ടുള്ളത്.

ഇന്ത്യയിൽ മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്ത് ഐ.ഐ.എം കളെ കൂടാതെ വേറെയും ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളുണ്ട്.
 സേവ്യർ സ്കൂൾ ഓഫ് മാനേജ്മെന്റ്, ജംഷെഡ്പൂർ, എസ് പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ച്, മുംബൈ, ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് ഹൈദരാബാദ്, ഫാക്കൽറ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ഡൽഹി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് ന്യൂഡൽഹി, നാർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് മുംബൈ, വിവിധ ഐ ഐ ടി കൾ ഇവയിലെല്ലാം ഉന്നത നിലവാരം പുലർത്തുന്ന മാനേജ്മെന്റ് ബിരുദാനന്തര ബിരുദ കോഴ്സുകൾ ലഭ്യമാണ്. മേൽപ്പറഞ്ഞ സ്ഥാപനങ്ങളിൽ കോമൺ അഡ്മി
ഷൻ ടെസ്റ്റ് റാങ്കിനു പുറമേ ഇന്ത്യയിൽ നിലവിൽ അംഗീകരിക്കപ്പെട്ട മറ്റു ചില മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളിലെ സ്കോർ പ്രകാരവും അഡ്മിഷൻ നേടാവുന്നതാണ്. 

വിദേശരാജ്യങ്ങളിൽ നിന്ന് എം.ബി.എ പൂർത്തിയാക്കുന്നവർക്കും ഇന്ന് ഇന്ത്യയിലും വിദേശത്തും പ്രശസ്തമായ കമ്പനികളിൽ നിരവധി തൊഴിൽ സാധ്യതകൾ ഉണ്ട്. 
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ മാനേജ്മെന്റ് പഠന സ്ഥാപനങ്ങളാണ് അമേരിക്കയിലെ വാർട്ടൺ സ്കൂൾ, സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസ്, എം.ഐ.ടി സ്ലോവൻ സ്കൂൾ ഓഫ് മാനേജ്മെന്റ്, ഹാർവാർഡ് ബിസിനസ് സ്കൂൾ, ഫ്രാൻസിലും സിംഗപ്പൂരിലും പഠനകേന്ദ്രങ്ങൾ ഉള്ള ഇൻസിയാഡ്, ഇംഗ്ലണ്ടിലെ ലണ്ടൻ ബിസിനസ് സ്കൂൾ, ഫ്രാൻസിലെ എച്ച്.ഇ.സി പാരീസ് പോലുള്ളവ. ഇത്തരം സ്ഥാപനങ്ങളിൽ ബിസിനസ് മാനേജ്മെന്റ് ബിരുദാനന്തര ബിരുദത്തിന് പുറമേ ഡോക്ടറൽ ലെവൽ ബിരുദ പ്രോഗ്രാമുകളും ഉണ്ട്. 
മുകളിൽ പറഞ്ഞത് പോലുള്ള പ്രശസ്ത മാനേജ്മെന്റ് സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കുന്നതിന് നിങ്ങളുടെ ഡിഗ്രി മാർക്കിനൊപ്പം വിവിധ മേഖലകളിലുള്ള പ്രവർത്തിപരിചയം, ഗ്രാജുവേറ്റ് മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (GMAT) സ്കോർ, നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള വിവിധ അന്താരാഷ്ട്ര ടെസ്റ്റുകളിൽ ഒന്നിന്റെ സ്കോർ തുടങ്ങിയവ എല്ലാം പരിഗണിക്കുന്നുമുണ്ട്. ഇത്തരം മാനേജ്മെന്റ് സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കുന്നതിനുള്ള കടമ്പ വളരെ ബുദ്ധിമുട്ടുള്ളതും പഠനം ചെലവേറിയത് ആണെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാറുകൾ നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വഴി നിരവധി വിദ്യാർത്ഥികൾ ഇത്തരം കോഴ്സുകൾക്ക് അഡ്മിഷൻ നേടി മികച്ച കരിയറിൽ പ്രവേശിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.


Comments

Popular posts from this blog

CMA റാങ്ക് ജേതാവ് അബ്ദുസമദിന് സ്വീകരണം നൽകി

National Institute of Mental Health and Neuro Science (NIMHANS) BANGALORE ഫെലോഷിപ്പ് നേടിയ പൂർവ്വ വിദ്യാർത്ഥി സുഹറയെ അനുമോദിച്ചു.

Accounting Aptitude Test സംസ്ഥാനതല മത്സരത്തിന് എൻ എ എമ്മിൽ നിന്നും മൂന്നുപേർ